ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
മഹാശിലായുഗം വരെ നീണ്ടുപോകുന്ന ചരിത്രമാണ് കാന്തല്ലൂര്‍ പഞ്ചായത്തിന്റേത്. ചരിത്രപുരാവസ്തു ഗവേഷകര്‍ 3000 കൊല്ലങ്ങള്‍ക്ക് മേല്‍ പ്രായം കണക്കാക്കിയിട്ടുള്ള പിതാമഹന്മാര് വരച്ച എഴുത്തറകളും നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന ചരിത്രമുറങ്ങുന്ന മുനിയറകളും ഈ പ്രദേശത്തിന്റെ മാത്രം സ്വന്തം. പഞ്ചപാണ്ഡവന്മാരുടെ പുണ്യപാദധൂളികളാല്‍ അനുഗ്രഹീതമാണ് ഈ പഞ്ചായത്തിലെ മിക്ക പ്രദേശങ്ങളും എന്ന് പഴമക്കാര്‍ വിശ്വസിക്കുന്നു. കുടിയേറ്റങ്ങളുടെയും വിദേശാധിപത്യത്തിന്റെയും കഥകളാണ് മിക്കപ്രദേശങ്ങള്‍ക്കും പറയാനുള്ളത്. ഈ പ്രദേശം മുമ്പ് പൂഞ്ഞാര്‍ രാജാക്കന്മാരുടെ അധീനതയിലായിരുന്നു. ടിപ്പു സുല്‍ത്താന്റെ പടയോട്ടക്കാലത്ത് ദ്രാവിഡരാജാവായ തിരുമല നായ്ക്കരുടെ ഭരണത്തിന്‍കീഴിലായിരുന്ന മധുരപട്ടണവും ആക്രമണത്തിന് വിധേയമായി. പടയെടുപ്പ് ഭയന്ന ആ പ്രദേശങ്ങളിലെ ജനങ്ങള്‍, കാന്തല്ലൂര്‍, കീഴാന്തൂര്‍, കാരയൂര്‍, മറയൂര്‍, കൊട്ടക്കുടി എന്നിങ്ങനെ അഞ്ചു ഊരുകള്‍ സ്ഥാപിച്ച് സ്ഥിരതാമസമാക്കുകയും ചെയ്തു. ഈ പ്രദേശം അഞ്ചുനാട് എന്നറിയപ്പെട്ടു. ഇവരുടെ പിന്തലമുറക്കാരാണ് ഇന്നും മറയൂര്‍, കാന്തല്ലൂര്‍ പഞ്ചായത്തുകളിലുള്ളത്. തമിഴ് മലയാള സങ്കര സംസ്കാരമാണ് ഇവിടെ നിലനിന്നുവരുന്നത്. ടിപ്പുസുല്‍ത്താന്റെ പടയോട്ടക്കാലത്ത് മധുരയില്‍നിന്ന് ഇവിടേക്ക് കുടിയേറ്റമുണ്ടായി. ഇങ്ങനെ കുടിയേറിയവര്‍ ഒരു വിഭാഗമായി മാറി ഒരുമിച്ച് താമസിക്കുകയും പരസ്പരം വിവാഹബന്ധങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്തു. മുതുകില്‍ ഭാരമേന്തി വന്നതുകൊണ്ട് ഇവരെ മുതുവാന്മാര് എന്നു വിളിച്ചുവെന്നു പറയപ്പെടുന്നു. ഇവരെകൂടാതെ ആചാരാനുഷ്ഠാനങ്ങളില്‍ തനിമ പുലര്‍ത്തുന്ന നിരവധി ആദിവാസി ഗോത്രങ്ങള്‍ ഈ പ്രദേശത്തുണ്ട്. മന്ത്രിമാരും, മന്നാടിയാരും, ഊരുതെണ്ടക്കാരും, മണിയകരും മറ്റുമുളള പ്രാചീനമായ ഭരണസംവിധാനത്തിന്റെ തുടര്‍ച്ച ഇന്നും ചില ആദിവാസി വിഭാഗങ്ങള്‍ക്കിടയില്‍ നിലനില്ക്കുന്നു. പ്രാചീനമായ ഒരു പഞ്ചായത്ത് സംവിധാനവും ഇന്നത്തെ ഗ്രാമസഭകളുടെ പഴയരൂപമായ നാട്ടുകൂട്ടങ്ങളും ഇവരുടെ ഇടയില്‍ നിലവിലുണ്ടായിരുന്നു. സ്വന്തം ഊരില്‍ നിന്നും പുറത്തുപോയി വിവാഹം കഴിച്ചാല്‍ ഊരുവിലക്കേര്‍പ്പെടുത്തുന്ന ആദിവാസി വിഭാഗങ്ങളും ഇവരുടെ ഇടയിലുണ്ട്. കുറ്റവാളികളെ വിചാരണ നടത്തി ശിക്ഷിച്ചിരുന്ന അഞ്ചു നാടന്‍ പാറയും, പാമ്പാറിന്റെ തീരത്ത് സ്ഥിതിചെയ്യുന്ന പൌരാണിക ഗുഹാക്ഷേത്രമായ ഒറ്റക്കല്ലില്‍ തീര്‍ത്ത തെങ്കാശിനാഥന്‍ കോവിലും, മഴക്കുവേണ്ടി മക്കള്‍ പ്രാര്‍ത്ഥിക്കുന്ന കൂടക്കാട് മലയിലെ ചന്ദ്രകുമരാണ്ടി ക്ഷേത്രവും, വാവിളക്ക് മഹോത്സവവും, പാരിവേട്ട എന്നറിയപ്പെടുന്ന സമൂഹനായാട്ടും എല്ലാം മറയൂരും കാന്തല്ലൂരും ഉള്‍പ്പെട്ട അഞ്ചുനാടിന്റെ സാംസ്കാരിക ചരിത്രത്തിന് മിഴിവേകുന്നു. തികച്ചും കാര്‍ഷികാധിഷ്ഠിതമായ ഒരു സമ്പദ് വ്യവസ്ഥയാണ് കാന്തല്ലൂര്‍ ഗ്രാമപഞ്ചായത്തിന്റേത്. തേയില, ഏലം, കാപ്പി എന്നിവയാണ് മുഖ്യതോട്ടവിളകള്‍. ആകെയുള്ള കൃഷിഭൂമിയുടെ നല്ലൊരു ഭാഗം ഈ തോട്ടവിളകളാണ് കൈയ്യടക്കി വച്ചിരിക്കുന്നത്. ടാറ്റാ ടീ ലിമിറ്റഡ്, ഹാരിസണ്‍ മലയാളം, തലയാര്‍ എസ്റ്റേറ്റ് എന്നിവയാണ് പ്രധാന തേയില തോട്ടങ്ങള്‍. തമിഴ്നാട്ടില്‍ നിന്നും കുടിയേറിയവരാണ് തേയിലത്തോട്ടങ്ങളിലെ തൊഴിലാളികളില്‍ ഭൂരിഭാഗവും. കാരറ്റ്, ബീറ്റ്റൂട്ട്, കാബേജ്, പട്ടാണി, വെളുത്തുള്ളി, ബീന്‍സ് എന്നീ ശീതകാല പച്ചക്കറികള്‍ വട്ടവട, കാന്തല്ലൂര്‍, മൂന്നാര്‍ എന്നീ പഞ്ചായത്തുകളില്‍ നല്ലതോതില്‍ കൃഷി ചെയ്തു വരുന്നു. മറയൂര്‍, കാന്തല്ലൂര്‍ പഞ്ചായത്തുകളില്‍ ഒരു കാലത്ത് വ്യാപകമായ തോതില്‍ നെല്‍കൃഷി ചെയ്തിരുന്നു. ശുദ്ധജലത്തിനായി ജനങ്ങള്‍ മുഖ്യമായും ആശ്രയിക്കുന്നത് പ്രകൃതിദത്ത നീരൊഴുക്കുകളെയാണ്. മൂന്നാര്‍ ടൌണില്‍ പരസ്പരം അഭിമുഖീകരിച്ചു നില്ക്കുന്ന ഹിന്ദു, ക്രിസ്ത്യന്‍, മുസ്ലീം ദേവാലയങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ ആഴത്തില്‍ വേരോടിയിട്ടുള്ള മതസൌഹാര്‍ദ്ദത്തിന്റെ തെളിവാണ്. ഹൈറേഞ്ചിലെ ആദിവാസി ജനത ഉള്‍പ്പെടെയുള്ളവര്‍ വര്‍ഷത്തിലൊരിക്കല്‍ ഒത്തുചേരുന്ന മൂന്നാറിലെ കാര്‍ത്തിക മഹോത്സവത്തിന് പ്രത്യേക പ്രാധാന്യമുണ്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പ് അതികഠിനമായ മഴയും, തണുപ്പും 8 മാസത്തിലേറെ നീണ്ട് നില്ക്കുന്ന കോട മഞ്ഞും മൂലം ഈ പ്രദേശത്തെ ജനജീവിതം ദുഷ്കരമായിരുന്നു. എന്നാല്‍ കാലക്രമത്തില്‍ കാലാവസ്ഥയില്‍ സാരമായ മാറ്റമാണുണ്ടായത്. തമിഴ്നാട് അതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന മറയൂര്‍, കാന്തല്ലൂര്‍, വട്ടവട എന്നീ സ്ഥലങ്ങള്‍ തമിഴ്നാട് കാലാവസ്ഥയുമായി സാമ്യമുള്ളതാണ്. ഇരവികുളത്ത് നിന്ന് ഉത്ഭവിച്ച്, കേരളത്തില്‍ നിന്നും കിഴക്കോട്ടൊഴുകുന്ന നദികളിലൊന്നായ പാമ്പാര്‍, മൂന്നാര്‍, മറയൂര്‍, കാന്തല്ലൂര്‍ പഞ്ചായത്തുകളിലൂടെ ഒഴുകി തമിഴ്നാട്ടില്‍ എത്തുന്നു. മറയൂര്‍, കാന്തല്ലൂര്‍ പഞ്ചായത്തുകളില്‍ സാമാന്യം നല്ല തോതില്‍ തന്നെ മള്‍ബറി കൃഷി ചെയ്തു വരുന്നുണ്ട്. ഹരിതകമ്പളം പുതച്ച തേയില തോട്ടങ്ങളുടെ നാടായ തെക്കന്‍ കാശ്മീര്‍ എന്നറിയപ്പെടുന്ന മൂന്നാര്‍ ഉള്‍പ്പെടുന്ന ദേവികുളം ബ്ലോക്കു പഞ്ചായത്തില്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ നിരവധിയാണ്. തെക്കേ ഇന്ത്യയിലെ ഉയര്‍ന്ന കൊടുമുടിയായ ആനമുടി, വരയാടുകള്‍ വിഹരിക്കുന്ന രാജമല, പുല്‍മേടുകളുള്ള ഇരവികുളം വന്യമൃഗ സങ്കേതം, മാട്ടുപ്പെട്ടി, കുണ്ടള ജലാശയങ്ങള്‍, ദേവികുളം തടാകം, ടോപ്പ് സ്റ്റേഷന്, ഇന്‍ഡോസ്വിസ്സ് പ്രോജക്ട് എന്നിവ ഈ ബ്ലോക്കിലാണ്. കാന്തല്ലൂരിലെ ഗുഹനാഥപുരം ജലാശയം, അതിപുരാതനമായ ഡസന്‍കണക്കിനുള്ള മുനിയറകള്‍ തുടങ്ങിയവ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്നു. നിരവധി തേയില ഫാക്ടറികളും എണ്ണമറ്റ വെള്ളച്ചാട്ടങ്ങളും പൊതുധാരയില്‍ നിന്നകന്നുകഴിയുന്ന ആദിവാസികളും ഈ പ്രദേശത്തിന്റെ പ്രത്യേകതയാണ്. 12 വര്‍ഷത്തിലൊരിക്കല്‍ നീലക്കുറിഞ്ഞി പൂക്കുമ്പോള്‍ മൂന്നാര്‍ മലനിരകളുടെ ആകര്‍ഷണീയത പതിനായിരക്കണക്കിന് ടൂറിസ്റ്റുകളെ ഇവിടേയ്ക്കാകര്‍ഷിക്കുന്നു.